3/21/07

പാവക്കൂത്ത്

അവന്‍ സംസാരിക്കുകയില്ല
അച്ചടികടലാസ് കുത്തിനിറച്ച തലച്ചോറിനു
വിഞ്ജാനിയുടെ നിഷ്പക്ഷഭാഷയാണു പഥ്യം
അതു കൊണ്ട് തന്നെ
മുന്നില്‍ മകള്‍ ബലാത്സംഗം ചെയ്യപ്പെടുന്ന അമ്മയുടെ വേദന
അവന്റെ സോഫ്റ്റ്വെയറില്‍ ഫീഡ് ചെയ്യപ്പെടില്ല
വഴിവക്കില്‍ അനാഥയായിപ്പോകുന്ന കുഞ്ഞിന്റെ നിലവിളി
അവന്റെ കാതുകളറിയുകയുമില്ല
അവനും നീയും ഞാനും യന്ത്രപ്പാ‍വകള്‍
നോട്ടീസ്ബോര്‍ഡിലെ വാര്‍ത്ത കണ്ടു തുടരെ ഞെട്ടുനവര്‍
വഴിയരികിലെ വേദനയോട് കണ്ണടക്കാന്‍ ശീലിച്ചവര്‍
പുലരികളെ സ്വപ്നം കണ്ട് ക്ഷീണിച്ച്

നമ്മള്‍ ഉറക്കമില്ലാത്ത രാത്രികളിലേക്കു നടന്നു പോകുന്നു
സ്വപ്നവും സൂര്യനും കൊല ചെയ്യപ്പെടുന്നതറിയാതെ
നമ്മിലേക്കു തന്നെ പിന്‍ വാങ്ങുന്നു
പാവക്കൂത്തുകളിലെ
നിശബ്ദകഥാപാത്രങ്ങളായി..

3/12/07

ഒരു പുഞ്ചിരിയുടെ വേദന

പുല്‍നാമ്പുകളുടെ സംഗീതം കേട്ടിട്ടുണ്ടോ?
പള്ളിമണികള്‍ മുഴങ്ങുമ്പോള്‍
‍ശബ്ദമില്ലാതാകുന്ന മനസ്സ് പോലെയാണത്
ശാന്തമായൊഴുകുന്ന അരുവി പോലെയോ
നിലാവ് ശല്യപ്പെടുത്താത്ത രാത്രി പോലെയൊ
നമ്മളറിയാതെ അവ കടന്നു പോകുന്നു
വ്യക്തിത്വവേദനകളില്ലാതെ
ആശയകുഴപ്പങ്ങളും അപകര്‍ഷതാബോധവുമില്ലാതെ
കാല്പാടുകള്‍ക്കു കീഴെ ഞെരിയാന്‍ തയ്യാറെടുക്കുന്നു
അവക്ക് വേണ്ടി
ചരിത്രത്തില്‍ ചുവന്ന പാടുകളുണ്ടാവില്ല
അവശേഷിക്കുനതു
ഒരു പുഞ്ചിരിയുടെ വേദന മാത്രം..