1/29/08

രാധാമാധവം


എന്നുള്ളിലുള്ളോരു കണ്ണനല്ലാതൊരു
കണ്ണനില്ലെന്നേ നിനച്ചുള്ളൂ
-അയ്യപ്പപ്പണിക്കര്‍


കണ്ണന് ഞാന്‍ കളിപ്പാട്ടമാണ്,
ജന്മങ്ങള്‍ മാറിയെടുക്കാവുന്ന ലോഹപ്രതിമ-
ഇടക്കെപ്പോഴെങ്കിലും കണ്ട് രസിക്കാന്‍
യാഗങ്ങളില്‍ വാമഭാഗം വഹിക്കാന്‍
ചോദ്യങ്ങളില്ലാതെ തിരിച്ച് നടക്കാന്‍
വാരിയെല്ലുകളൂരിയെടുത്ത് വളര്‍ത്തുന്നതാണെന്നെ;
പ്രണയമിതിഹാസങ്ങളില്‍ പറഞ്ഞു നടക്കുമ്പോള്‍
കണ്ണനെ പത്നിമാര്‍ക്കിട്ട് കൊടുത്തിട്ട്
ഒറ്റക്ക് വിരഹവും പ്രണയവും താങ്ങുവാന്‍
മുനിമാരുരുക്കിയെടുത്തതാണെന്നെ;
പ്രേമമൊരു കഥയല്ലെ?
കാളിന്ദി സ്വപ്നങ്ങളും,
അപ്പോള്‍
‍രാധയോ?

1/28/08


നമുക്ക് തുടക്കങ്ങളിലേക്ക് തിരിച്ച് പോകാം,
വാക്കുകളില്‍ അഗ്നിയും പ്രണയത്തിലസ്വസ്ഥതയും
കത്തിനിന്ന തുടക്കങ്ങളിലേക്ക്;
അവിടെ;
ഞരമ്പുകള്‍ വലിഞ്ഞ് പൊട്ടുന്ന നിമിഷങ്ങളില്
‍കടലാസിലേക്കുരുകി വീണ മെഴുതിരിപ്പാടുകള്‍;
ചൂടില്‍ ചിറകടര്‍ന്ന് വീണ പൂമ്പാറ്റകള്‍ക്ക്
ഹൃദയം പകുത്ത് കൊടുത്ത കവിതകള്‍;
ഓര്‍മ്മകള്‍ ശൂന്യമായ വഴികളില്‍
പകച്ച് പോയ കണ്ണുകള്‍-
തുടക്കങ്ങള്‍ കഴിഞ്ഞു പോയ രാത്രികളാകുന്നു,
പകലുകളുടെ ശാന്തിയില്‍ മാഞ്ഞ് പോകുന്ന
തിരിച്ച് വരാത്ത രാത്രികള്‍...