4/17/07

പരാജയം

നിങ്ങള്‍എന്റെ ചിന്തകളെ ചെത്തിമിനുക്കുക
അവയുടെ ചോരത്തുള്ളികളോടു നിര്‍ലോഭം പ്രസംഗിക്കുക
പെണ്മ ഒരു ചെറിയ കിളിക്കൂടാണെന്നും
കിളിയുടെ ചിറകുകള്‍ മനൊഹരമായിരിക്കണമെന്നും
പതറാത്ത നോട്ടങ്ങളിലൂടെ പറഞ്ഞുതരിക
പച്ചകറിക്കാരനൊടുറക്കെയും
ഭര്‍ത്താവിനോടു പതുക്കെയും
വില പേശുന്ന വിദ്യ എന്നെ അഭ്യസിപ്പിക്കുക
ഞാനിതാ കീഴടങ്ങുന്നു
തുരുമ്പിച്ച പെണ്മയും സൌന്ദര്യവര്‍ധകവസ്തുകളും
ആയുധപ്പുര നിറച്ചിരിക്കുന്നു
എഴുതപെടാത്ത നിയമങ്ങള്‍ക്കു ജയിക്കുവാന്‍പ
ടച്ചട്ട അഴിചുവയ്ക്കുന്നു..
എന്റെ പരാജയം മനുവിനു സ്തുതി പാടുമ്പോള്‍
‍പാതിവ്രത്യതിന്റെ ചേല മുഷിഞു നാറുന്നുണ്ടാകും..
പക്ഷെതോറ്റവര്‍ക്കു സംസാരിക്കാന്‍ പാടുണ്ടൊ?

4/4/07

മഴയാണ്

മഴയാണ്..
താളം തെറ്റിയ എന്റെ മനസ്സില്‍
ലിഥിയം മഞ്ഞ് മൂടിയ ഞരമ്പുകളില്‍
എന്റെ അമ്മയുടെ അശാന്തമായ മിഴികളില്‍
ഒക്കെ
കാലവര്‍ഷം താളം തെറ്റി കിതക്കുകയാണ്
ഇലക്ട്രിക് കമ്പികളില്‍ മഴതുള്ളികള്‍ സംഗീതമുതിര്‍ക്കുമ്പോള്‍
ക്ലാസ് മുറികള്‍ നിശബ്ദമാകുന്നു
മനസ്സുകള്‍ കലാപകാരികളും
എങ്കിലും
കാര്‍മുകിലുകള്‍ക്കിടയില്‍ ഒരു വെളുത്ത മേഘം
ഒറ്റപെട്ട്
സ്വര്‍ഗവാതിലുകള്‍ തുറന്ന്
സ്വയം നഷ്ടപെട്ട മനുഷ്യനു സന്ദേശങ്ങള്‍ കൈമാറുന്നു
വ്യഥയുടെ കൊടും വേനലിലും
മുറ്റത്ത് നീര്‍ച്ചാലുകള്‍ സൃഷ്ടിച്ച്
പുഴയുടെ ഞരമ്പുകളില്‍ പ്രണയം കൊടുത്ത്
വയലുകളില്‍ പച്ച വിരിക്കുവാനാകണം
മഴയാണ് മനസ്സു നിറയെ