9/1/07


എനിക്കു വിരലുകള്‍ നഷ്ടപെട്ട മനുഷ്യരെ ഓര്‍മ്മ വരുന്നു
ഭൂതകാലം മുറിച്ചു മാറ്റപ്പെട്ടവരെ
സ്ഫോടനങ്ങളില്‍ ചിതറിപ്പോയവരെ
മരവിപ്പുകളിലേക്കു വീണു പോയവരെ
എനിക്ക് വയ്യ
ഇത് വേദനകള്‍ക്കപ്പുറമാണ്
നിന്റെ ചെറിയവാചകങ്ങളില്‍
വരികള്‍ മുറുകാത്ത കവിതയില്‍
നീ എങ്ങനെ അവരെ പിടിച്ചു നിര്‍ത്തും
ഇടവേളകളില്ലാത്ത പ്രാരാബ്ധങ്ങളില്‍
രാവും പകലുമളന്നു തുടങ്ങുമ്പോള്‍
നീ കവിതയെഴുതാന്‍ മറക്കും
ചലിക്കാത്ത പേനത്തുമ്പില്‍
മനുഷ്യരുടെ നിലവിളികള്‍ പതിയെ നിലച്ചൂ തുടങ്ങും
എന്നെങ്കിലും
മാര്‍വാഡികളുടെ തെരുവ് കാണുമ്പോള്‍
നക്ഷത്രങ്ങള്‍ കെട്ടുപോയ ഒരു രാത്രി ഓര്‍മ്മ വന്നേക്കാം
മഴ കഴുകിവെളുപ്പിച്ച കുറേ ജീവിതങ്ങളെയും.

8/14/07


എന്റെ കുഞ്ഞ്,
പിറവിയുടെ അഗാധതകളില്‍ നിന്ന്
അവള്‍ നിലവിളിക്കുന്നത് എനിക്ക് കേള്‍ക്കാം
പേരറിയാത്ത കോശങ്ങളില്‍ നിന്ന്
അവളുടെ നിശബ്ദമായ തുടിപുകള്‍ എനിക്കറിയാം
എന്നോ വിരലിന്റെ അറ്റത്തു പിടിച്ച്
അവള്‍ പിച്ച വക്കാന്‍ ശ്രമിക്കുന്നതും
ചെറിയ പുഞ്ചിരികളില്‍ മഹാരഹസ്യങ്ങളൊളിപ്പിച്ച്
എന്റെ മടിയിലേക്കൊടിവരുന്നതും‍
എന്റെ കുഞ്ഞേ
ഭൂതകാലങ്ങളുടെ വേദനകളില്‍കുഞ്ഞികൊലുസ്സ് കിലുക്കി നിനക്കു വരാം
കണിക്കൊന്നകളും ഓണവെയിലും ഉള്ള എന്റെ ഹൃദയതിലേക്ക്
വിളക്കുകള്‍ കൊളുത്തുന്ന
അമ്മയുടെ പ്രാര്‍ഥന പോലെ

7/25/07

നീയും ഞാനും അക്ഷരങ്ങള്‍ക്കു പങ്കു വെക്കാന്‍
മനസില് തീ കൂട്ടി വെക്കുന്നവര്‍
എപ്പൊഴോ:
നമ്മളറിയാതെ തീ കെട്ടുപോകുന്നു;
എന്റെ ഭ്രാന്തിനു ശമനജലം നല്‍കുവാന്‍
കത്തികൊണ്ടിരുന്ന ചിതയില്‍ നിന്ന്
ആത്മാവിനെ വലിച്ചുനീക്കുവാന്‍
നീ വരരുതായിരുന്നു;
എനിക്ക് അനാഥത്വമാണു പരിചയം,
കീറിമുറിക്കുന്ന കണ്ണുകളോട് എതിരിടാനാണെനിക്കിഷ്ടം.
അദൃശ്യമായ ചങ്ങലകളാല്‍
തൊട്ടറിയാന്‍ പറ്റാത്ത കൂടുകളാല്‍
ഞാന്‍ ബന്ധിക്കപെട്ടിരിക്കുന്നു .
ഇത് തീ പകര്‍ന്നു തന്നതിനന്റെ ശിക്ഷ;
കഴുകന്മാറ്ക്കു കീറിമുറിക്കാന്‍ കരളും
മരിക്കാത്ത മനസ്സും ബാക്കി.

5/23/07

ആ‍ത്മഹത്യ

മുറിവുകള്‍ ഹൃദയത്തിലാകുന്നു
ആണിത്തുമ്പത്തു പിടയുന്ന തിരുശരീരം
പാനപാത്രം നിറച്ച പാപത്തിന്റെ ചോര
ചീട്ടുകൊട്ടാരങ്ങള്‍ക്കുള്ളില്‍
മറ്റാരുടെയോ സ്വപ്നങ്ങള്‍;
നമ്മളറിയുന്നതേയില്ല
ഒരു ചോരത്തുള്ളിയില്‍
ഹൃദയങ്ങള്‍ നിലച്ച് പോകുന്നതും
ഹസ്തരേഖകള്‍ മാഞ്ഞു പോകുന്നതും
ശേഷിക്കുന്നത്:
ആത്മഹത്യയുടെ ജ്ഞാനസ്നാനം സ്വീകരിച്ച
നഗ്നരായ ആത്മാക്കള്‍
കുമ്പസാരക്കൂടുകളിലെ
കെട്ടുപോയ മെഴുകുതിരികളെ പോലെ
ജീവനറ്റ കൈകളും...

4/17/07

പരാജയം

നിങ്ങള്‍എന്റെ ചിന്തകളെ ചെത്തിമിനുക്കുക
അവയുടെ ചോരത്തുള്ളികളോടു നിര്‍ലോഭം പ്രസംഗിക്കുക
പെണ്മ ഒരു ചെറിയ കിളിക്കൂടാണെന്നും
കിളിയുടെ ചിറകുകള്‍ മനൊഹരമായിരിക്കണമെന്നും
പതറാത്ത നോട്ടങ്ങളിലൂടെ പറഞ്ഞുതരിക
പച്ചകറിക്കാരനൊടുറക്കെയും
ഭര്‍ത്താവിനോടു പതുക്കെയും
വില പേശുന്ന വിദ്യ എന്നെ അഭ്യസിപ്പിക്കുക
ഞാനിതാ കീഴടങ്ങുന്നു
തുരുമ്പിച്ച പെണ്മയും സൌന്ദര്യവര്‍ധകവസ്തുകളും
ആയുധപ്പുര നിറച്ചിരിക്കുന്നു
എഴുതപെടാത്ത നിയമങ്ങള്‍ക്കു ജയിക്കുവാന്‍പ
ടച്ചട്ട അഴിചുവയ്ക്കുന്നു..
എന്റെ പരാജയം മനുവിനു സ്തുതി പാടുമ്പോള്‍
‍പാതിവ്രത്യതിന്റെ ചേല മുഷിഞു നാറുന്നുണ്ടാകും..
പക്ഷെതോറ്റവര്‍ക്കു സംസാരിക്കാന്‍ പാടുണ്ടൊ?

4/4/07

മഴയാണ്

മഴയാണ്..
താളം തെറ്റിയ എന്റെ മനസ്സില്‍
ലിഥിയം മഞ്ഞ് മൂടിയ ഞരമ്പുകളില്‍
എന്റെ അമ്മയുടെ അശാന്തമായ മിഴികളില്‍
ഒക്കെ
കാലവര്‍ഷം താളം തെറ്റി കിതക്കുകയാണ്
ഇലക്ട്രിക് കമ്പികളില്‍ മഴതുള്ളികള്‍ സംഗീതമുതിര്‍ക്കുമ്പോള്‍
ക്ലാസ് മുറികള്‍ നിശബ്ദമാകുന്നു
മനസ്സുകള്‍ കലാപകാരികളും
എങ്കിലും
കാര്‍മുകിലുകള്‍ക്കിടയില്‍ ഒരു വെളുത്ത മേഘം
ഒറ്റപെട്ട്
സ്വര്‍ഗവാതിലുകള്‍ തുറന്ന്
സ്വയം നഷ്ടപെട്ട മനുഷ്യനു സന്ദേശങ്ങള്‍ കൈമാറുന്നു
വ്യഥയുടെ കൊടും വേനലിലും
മുറ്റത്ത് നീര്‍ച്ചാലുകള്‍ സൃഷ്ടിച്ച്
പുഴയുടെ ഞരമ്പുകളില്‍ പ്രണയം കൊടുത്ത്
വയലുകളില്‍ പച്ച വിരിക്കുവാനാകണം
മഴയാണ് മനസ്സു നിറയെ

3/21/07

പാവക്കൂത്ത്

അവന്‍ സംസാരിക്കുകയില്ല
അച്ചടികടലാസ് കുത്തിനിറച്ച തലച്ചോറിനു
വിഞ്ജാനിയുടെ നിഷ്പക്ഷഭാഷയാണു പഥ്യം
അതു കൊണ്ട് തന്നെ
മുന്നില്‍ മകള്‍ ബലാത്സംഗം ചെയ്യപ്പെടുന്ന അമ്മയുടെ വേദന
അവന്റെ സോഫ്റ്റ്വെയറില്‍ ഫീഡ് ചെയ്യപ്പെടില്ല
വഴിവക്കില്‍ അനാഥയായിപ്പോകുന്ന കുഞ്ഞിന്റെ നിലവിളി
അവന്റെ കാതുകളറിയുകയുമില്ല
അവനും നീയും ഞാനും യന്ത്രപ്പാ‍വകള്‍
നോട്ടീസ്ബോര്‍ഡിലെ വാര്‍ത്ത കണ്ടു തുടരെ ഞെട്ടുനവര്‍
വഴിയരികിലെ വേദനയോട് കണ്ണടക്കാന്‍ ശീലിച്ചവര്‍
പുലരികളെ സ്വപ്നം കണ്ട് ക്ഷീണിച്ച്

നമ്മള്‍ ഉറക്കമില്ലാത്ത രാത്രികളിലേക്കു നടന്നു പോകുന്നു
സ്വപ്നവും സൂര്യനും കൊല ചെയ്യപ്പെടുന്നതറിയാതെ
നമ്മിലേക്കു തന്നെ പിന്‍ വാങ്ങുന്നു
പാവക്കൂത്തുകളിലെ
നിശബ്ദകഥാപാത്രങ്ങളായി..

3/12/07

ഒരു പുഞ്ചിരിയുടെ വേദന

പുല്‍നാമ്പുകളുടെ സംഗീതം കേട്ടിട്ടുണ്ടോ?
പള്ളിമണികള്‍ മുഴങ്ങുമ്പോള്‍
‍ശബ്ദമില്ലാതാകുന്ന മനസ്സ് പോലെയാണത്
ശാന്തമായൊഴുകുന്ന അരുവി പോലെയോ
നിലാവ് ശല്യപ്പെടുത്താത്ത രാത്രി പോലെയൊ
നമ്മളറിയാതെ അവ കടന്നു പോകുന്നു
വ്യക്തിത്വവേദനകളില്ലാതെ
ആശയകുഴപ്പങ്ങളും അപകര്‍ഷതാബോധവുമില്ലാതെ
കാല്പാടുകള്‍ക്കു കീഴെ ഞെരിയാന്‍ തയ്യാറെടുക്കുന്നു
അവക്ക് വേണ്ടി
ചരിത്രത്തില്‍ ചുവന്ന പാടുകളുണ്ടാവില്ല
അവശേഷിക്കുനതു
ഒരു പുഞ്ചിരിയുടെ വേദന മാത്രം..

2/28/07


വിമോചനം വിദൂരമായ ഒരു സ്വപ്നമാണു
കണ്ണ് തുറക്കുമ്പോള്‍ മാഞ്ഞ് പോയേക്കാവുന്ന ഒരു സ്വപ്നം

വിധിയൊടു മത്സരിക്കുമ്പോള്‍

ഇരുട്ടില്‍ നിന്നും തപ്പിയെടുക്കുന്ന വെറുമൊരായുധം

കൈകളും മനസ്സും തളരുമ്പോള്‍
പിടിച്ചു നില്‍ക്കാനൊരു കാട്ടുവള്ളി
പക്ഷെ

വിലങ്ങുകള്‍ക്കും പേരു നഷ്ടപെട്ട വ്യക്തിത്വനിമിടയില്‍
മനസ്സ് പ്രതീക്ഷിക്കും

കടല്‍തീരത്തു ഒരു വിളക്ക് മങ്ങാതെ കത്തുന്നുണ്ടാകാം..

എന്നെങ്കിലും വാതിലുകള്‍ തുറക്കപെടാമെന്നു

നിങ്ങളെ ഓര്‍മ്മിപ്പിക്കാന്‍ വേണ്ടി മാത്രം..

2/17/07

ചെറിയ സത്യങ്ങള്‍...
മനസ്സിന്റെ നൂലാമാ‍ലകള്‍ക്കുള്ളില്‍
ഇരുളടഞ്ഞ ഇടനാഴികളില്‍
കിടപ്പറകളില്‍, മോര്‍ച്ചറികളില്‍
ചിറകൊടിഞ്ഞ മാലാഖകളെപോലെ
നിഴലുകള്‍ക്കുള്ളില്‍ മറഞ്ഞിരുന്ന്
സമയചക്രങ്ങളോടു പോരാടുന്നു
ചിതയിലും ഈറ്റില്ലങ്ങളെ സൃഷ്ടിച്ച്
അന്ത്യശ്വാസത്തിലും പ്രണയം കൊടുത്തു
അന്ധകാരത്തിലും കൈത്തിരി തെളിച്ച്
അവര്‍ നിറഞ്ഞ് നില്‍ക്കുന്നു
പ്രതീക്ഷയാണു നീ എനിക്ക്
പ്രണയത്തിന്റ്റെ ചെറിയ സത്യം മാത്രമാണു നീ
ഒരു പക്ഷെ സമയചക്രങ്ങളില്‍ നിന്നു’
എന്റെ ജീവന്‍ തിരികെ വാങ്ങാന്‍ നിനക്കു കഴിഞ്ഞേക്കും.

2/15/07

ബാല്യം















ഇറ്റ് വീഴാറായ വിയര്‍പ്പു തുള്ളികള്‍ക്കു കീഴെ
നീ പരിഭവിക്കുന്നതെന്തിനു?
ഞാനും നീയും ആശ്രയമില്ലാത്തവര്‍
കുടകളുടെ തണലും സൌഹൃദത്തിന്റെ താങ്ങുമില്ലാത്തവര്‍
നിസ്സഹായതയുടെ വരകളില്‍ ഒതുങ്ങിപോയവര്‍
വഴിയരുകില്‍ കണ്ണുകളാണു കുഞ്ഞേ
നിന്റെ നിഷ്കളങ്കത അവര്‍ക്കാവശ്യമില്ല
കരിയെഴുതിയ കണ്ണുകളും ചായതില്‍ മുങ്ങിയ മുഖവുമാണുഅവര്‍ തേടുന്നതെന്നറിയുക
ഈ വരകളില്‍ നീയും ഞാനുംമുഖമറിയാത്ത ജന്മങ്ങളും
പരിഭവമില്ലാത്ത പകലുകള്‍ക്കും
അപമാനരഹിതമായ രാവുകള്‍ക്കുംനേരെ
പ്രതീക്ഷ വറ്റിയ കണ്ണുകളുമായി കാത്തിരിക്കുന്നു

2/14/07

വഴികള്‍


വളവുകളില്ലാത്ത വഴികള്‍ ഉണ്ടായിരിക്കുമൊ?
ഭാരമേറെ താങ്ങി ചെല്ലുമ്പോള്‍ വിശ്രമിക്കാന്‍
പാതയോരത്തു ഒരു തുറന്ന വാതില്‍
ജനാലച്ചില്ലില്‍ ഒരു കണ്ണ്
സ്നേഹത്തിന്റെ ബലമേറിയ ഊന്നുവടി
പ്രകാശം വറ്റാത്ത മനസ്സിന്റെ കൈവിളക്ക്
ഏതെങ്കിലും ഒന്ന്
നീ എനിക്കു വേണ്ടി കരുതി വയ്ക്കുമോ?
ജീവിച്ചിരുന്നു എന്നു എന്നെ തന്നെ ബോധ്യപെടുത്താന്‍
മരണം പാതയിലെ വളവു മാത്രമെന്ന് മനസിലാക്കാന്‍
സൂര്യനസ്തമിക്കും മുമ്പ് നടന്നു തീര്‍ക്കുവാന്‍
ഏതെങ്കിലും ഒന്ന്....

2/10/07

ഞാന്‍

ഞാന്‍ പോവുകയാണു
പകുതി ചാരിയ വാതിലിനപ്പുറം
എന്റ്റെ ബന്ധങ്ങളും സ്വപ്നങ്ങളും..
അവര്‍
ജന്മത്തിന്റെ വേദനയില്‍
സ്നേഹതിന്റെ നിറവൂട്ടി
അരക്ഷിതത്വത്തില്‍ തനിച്ചാക്കിയവര്‍
പരിചയത്തിലും അപരിചിതരായവര്‍
അവന്‍
എന്റെ പെണ്‍മയെ വിളിച്ചുണര്‍ത്തി
പുല്‍മേടുകളില്‍ അലയാന്‍ വിട്ടവന്‍
പൂര്‍ത്തിയാകാത്ത ചിത്രം പോലെ
ചിത്രകാരന്റെ വിരലുകള്‍ക്കു
പാകപ്പിഴയുടെ മുറിവുകളേകി
ഞാനും...

2/6/07

ഓര്‍മ്മകള്‍ വായിക്കുമ്പോള്‍

നേര്‍ വരകളില്ലാത്ത വെള്ളത്താളില്‍
ഭംഗിയില്ലാത്ത കൈപ്പടയില്‍
കോറിയിട്ട വാക്കുകളെ വായിക്കുമ്പോള്‍
നീ അറിയുന്നുണ്ടോ?
ഞാന്‍ ഈ കടലാസിന്റെ കന്യകാത്വത്തില്‍
എന്നെ തന്നെ ഒഴിച്ച് കളഞ്ഞുവെന്നു
വാക്കുകള്‍ മുറിഞ്ഞു കിടക്കുന്ന
നിമിഷങ്ങളില്‍ നമ്മള്‍
ഈ വരികള്‍ വായിക്കുവാന്‍
ശ്രമിക്കുകയായിരുന്നുവെന്നു
ഒടുവില്‍
താളുകള്‍ മറിയുവാനാഗ്രഹിക്കുന്നതെയില്ല
കഴിഞ്ഞ കാലതിന്റെ വേദന
കുടിച്ച് അവ ജീവിച്ച് മരിക്കുന്നു


ഇതു അനീഷിന്റെ കവിത ആണ്.ആദ്യത്തെ നാലു വരികള്‍ക്കു ശേഷം ഞാ‍ന്‍ അത് പൂര്‍ത്തി ആകിയെന്ന്നു മാത്രം..

2/5/07

കന്യകാത്വം

കന്യകാത്വം
വാക്കുകളില്‍ നഷ്ടപെടാവുന്ന കേവലം ഒരു കളവാണു
ശരീരമില്ലാത്ത ശബ്ദവീചികളില്‍
അലിഞ്ഞില്ലാതാവുന്ന വെറും വികാരം
ഒരു സ്വരത്തിന്റെ വേദനയില്‍
മനസിന്റെ അടഞ്ഞ മുറികള്‍ തുറന്നു പോകുന്നു.
കണ്ണുനീര്‍ തുള്ളികളുടെ കിടക്കയില്‍
ശബ്ദങ്ങള്‍ പരസ്പരം പങ്കു വയ്ക്കുന്നു
ഇനി
വീണ്ടും വലിക്കാനായി
നീ തപ്പിയെടുക്കുന്ന സിഗററ്റ് കുറ്റികള്‍ ബാക്കി
എരിഞ്ഞ് തീര്‍ന്ന രണ്ടാത്മാക്കളും..

2/1/07

ഞാനും നീയും

എന്റെ കണ്ണുകള്‍ എന്റേതാണ്,
അതില്‍ നിന്റെ കാഴ്ചപ്പാ‍ടുകള്‍ തേച്ചുപിടിപ്പിക്കരുത്
ഈ കാ‍തുകള്‍ എന്റെ സ്വരകേന്ദ്രങ്ങളാണ്
നിന്റെ ഉപദേശസ്വനഗ്രാഹികള്‍ എനിക്കു വേണ്ട.
ചെമ്പട്ട് പുതപ്പിച്ച ശവമല്ല ഞാന്‍
ഉയിരിന്റെ മൃതസഞ്ജീവനി എനിക്കാവശ്യമില്ല
നീ ഉപേക്ഷിച്ച വികാരതിന്റെ കൈതാങ്ങുകള്‍
എനിക്കു വച്ചു നീട്ടുന്നതെന്തിന്?
നിന്റ്റെ കാമുകിയല്ല ഞാന്‍
മാതാവൊ പത്നിയൊ അല്ല
ഒരു സഹയാത്രിക മാത്രം
വച്ചു മാറാന്‍ കഴിയാത്ത വിധം
നമ്മുടെ ഭാണ്ഡങ്ങള്‍ ഇഴുകി ചേര്‍ന്നിരിക്കുന്നു
തെറ്റിന്റെ പാഥേയ കെട്ടഴിച്ച കൈകള്‍
കഴുകി തുടച്ചു നമുക്കീ യാത്ര തുടരാം

1/30/07

words

the cast of words we are locked in,
a name tattoed in self
names joining and disjoining
title as shadows moving with you
things never seen, flattened as a word
experiences, playthings of a tongue
sounds flowing in the air,
letters crying over the paper
signs shivering in a screen
telling things they never know
chaining the hands , eyes and mind
losing expression in the torture of words.

1/26/07

ദൈവത്തോട്

കൂടു മാറാനാവാത്ത ശരീരവും
പുഴുക്കുത്തേറ്റ മനസ്സും
നീ എനിക്കു തന്നതെന്തിനു?
ഉത്തരമില്ലാത്ത ചോദ്യങ്ങളുമായി
എന്നെ അലയാന്‍ വിട്ടതെന്തിനു?
എനിക്കു മുങ്ങിനിവരാന്‍ മാത്രം
പാപ തീര്‍ത്ഥങ്ങള്‍ സ്രിഷ്ടിച്ചതെന്തിനു?
നിന്റെ ഉത്തരങള്‍ക്കു പ്രതികരിക്കാന്‍
എനിക്ക് കര്‍ണങ്ങള്‍ തരരുത്
കാരണം
കുഞ്ഞുങ്ങള്‍ നഷ്ടപെട്ട അമ്മമാരുടെ വിളികള്‍
എന്നെ ശല്യപെടുത്തും.
ഗര്‍ഭപാത്രങ്ങളില്‍ ശ്വാസം മുട്ടുന്ന ഭ്രൂണങ്ങള്‍
എന്നോടു പരാ‍തി പറയും
മതി
അശ്വത്ഥാമാവിന്റെ ജന്മം ഞാനേറ്റിരിക്കുന്നു
പരാതികളിലലിഞ്ഞു വ്രണങ്ങളിലമര്‍ന്ന്
ഇനി യാത്ര..യാത്ര മാത്രം....

1/23/07

എല്ലാം ശാന്തമാണു
നിലച്ചു പോയ സമയ സൂചി പോലെയോ
ബന്ധുവിന്റെ മുറവിളിക്കു മുന്‍പെ
മോര്‍ച്ചറി പോലെയോ
ഒക്കെ എല്ലാം ശാന്തം
മാറ്റങ്ങള്‍ വാതിലിനപ്പുറത്തെ കോലാഹലം മാത്രം
അതു ഒരു രക്തതെയും തിളപ്പിക്കുന്നില്ല
ഒരു ഹ്രുദയത്തെയും തീ പിടിപ്പിക്കുന്നുമില്ല
ഒഴുക്കു നിലച്ച പുഴ മാത്രമാണു ജീവിതമെന്നു
ഒടുവില്‍ നാം മനസിലാക്കിയിരിക്കുന്നു

1/17/07

പുസ്തകം

അര്‍ത്ഥം നഷ്ട്ടപെട്ട വാക്കുകള്‍
ശബ്ദരഹിതമായ സ്ഫോടനം
അതാണു ജീവിതം
വിഡ്ഡിയുടെ തുടര്‍ക്കഥയില്‍
എഴുതിചേര്‍ക്കാന്‍ വിട്ടുപോയ വരി
അതാണു മരണം
അഭിനേതാവിന്റെ വാള്‍മുനയില്‍
വിറച്ചു നില്‍ക്കുന്ന കലിയാകണം ചരിത്രം
എല്ലാറ്റിനുമൊടുവില്‍
ഇനിയും പിറക്കാത്ത കുഞ്ഞിന്റെ
നിസഹായമാ‍യ വേദന
താളുകള്‍ ഒടുങ്ങാത്ത പുസ്തകത്തിന്റെ
സത്യവാചകമായി അവശേഷിക്കുന്നു.

1/13/07

rain i saw

rain, its soft bliss
making its way through mind
burning hidden corners.
its silver threads tying memories
never letting them go.
they make hanging loops for the present
and umbilical chord for the past
to make it like an illegal child
having no rights in the world.

a wish....

what if i were a ghost?
a sweet ghost with a small bubble like body.
i would sit in the shoulder of my friend, unseen
peep into theri secrets unknown,
laugh at them in my voiceless voice
sneeze at their rings of cigarrette smokes
and then just be another smoke
vanish to the far away world.

നീ ............................

നീ പ്രണയം ആയിരുന്നു അല്ലേ?
ഞാന്‍ തിരിച്ചറിഞ്ഞതേ ഇല്ല.
വിരലുകളില്‍ മരണത്തിന്റെ തണുപ്പും
കണ്ണുകളില്‍ അഴുകിയ സത്യസന്ധതയുമാണു
പ്രണയമെന്നു ആരു വിചരിച്ചു?
മസ്തിഷ്ക ജ്വരത്തിന്റെ മൂര്‍ച്ചയില്‍
കണ്ട സ്വപ്നം മാ‍ത്രമാണെനിക്കു നീ.
ഇടവിട്ടുവരുന്ന കുത്തിവയ്പുകള്‍ക്കിടയില്‍
ഓര്‍ത്തു കരയാന്‍
മനസ്സ് സ്രിഷ്ടിച്ച വെറും മരീചിക
വാതിലടച്ചേക്കുക
പുറത്തു നിര്‍വികാരതയുടെ മഞ്ഞുവീഴ്ചയും
അകത്തു മരണഭയവും മാത്രം.
പ്രണയം മരവിച്ചു പൊയ്ക്കോട്ടെ.

1/9/07

My words committed suicide in my mind
their distorted ghosts haunt my pen
they wrangle with my ideas
and create a pandemonium in the paper
laughing at the nakedness of my mind
which they exposed to a stranger.

1/8/07

my book

The pages of my book are always blank
Ink never dared to touch them
Their virginity disturbed me
And they lay bare to spots of love
n their cheeks and neck
I don’t want to pour ink there .
In the measureless forms of letters
Let them stay virgin,
Unravished, untouched like me.
The god with his magic flute
His love leaning on him
What is romantic in it?
I don’t know
I see the beautifully carved wood,
The pain it suffered to be beautiful
I can see the tears rolling down the god’s cheek
Forgetting music and love
in the pain of the sharp blade that carved him out.

1/7/07

ഒരു മരണം

ഇവിടം അവസാനമാകുന്നു
തീര്‍ത്ഥ ശുദ്ധിയില്‍ പൂക്കളിട്ട്
വിട പറഞ്ഞു കൊള്ളുക
സഹതപിക്കരുത്
എനിക്ക് ശാപവചനങ്ങളോടാണു മമത.
നിങ്ങളുടെ സ്നേഹം എന്റെ ചവട്ടുകൊട്ടയ്ക്കു ഭക്ഷണമായിരിക്കുന്നു.
തിരിഞ്ഞു നോക്കുക.
നിങ്ങളുടെ നിവര്‍ന്ന വഴി നോക്കി ആശ്വസിക്കുക
ജീവിതത്തില്‍ വിരല്‍ കടത്താത്ത ഈശ്വരനു നന്ദി പറയുക
ഉദക ക്രിയകളില്‍ ശാന്തി കൊണ്ടു
ഞാനിവിടെ വിശ്രമിക്കട്ടെ, എന്നേക്കുമായി.

1/3/07

വിശ്വാസി

പ്രവാചകാ.....
അങ്ങെനിക്കിരുട്ട് കാണിച്ചു തന്നു
പ്രകാശത്തിലെനിക്കു ജ്ഞാനസ്നാ‍നം ചെയ്തു
മതി
ഇനി നിനക്കു തരാന്‍ എന്നില്‍ കാട്ടുതേനവശേഷിക്കുന്നില്ല
നിന്റ്റെ തീര്‍ത്ഥ ജലം എന്നെ മത്തു പിടിപ്പിക്കും മുന്‍പു
ആ സാ‍ന്ദ്രസ്വരത്തില്‍ ഞാന്‍ അലിഞ്ഞു പോകും മുന്‍പു
നിന്റെ ചത്ത കണ്ണുകലുടെ പാനപാത്രം എന്നില്‍ നിന്നു മാറ്റുക
ഇനിയും വരും വിശ്വാസികള്‍, അണലി സന്തതികള്‍
അവിടുത്തെ ശകാരങള്‍ക്കു വഴിപ്പെടുന്നവര്‍
നിന്റെ തണുത്ത വിരലുകള്‍ക്കു അവര്‍ ഭക്ഷണം നല്‍കും
ചുംബനങ്ങളുടെ ഓര്‍മ്മയില്ലാതെ
പ്രണയത്തിന്റെ മേല്‍ വിലാസങ്ങളില്ലാതെ
പിരിയുകയാണു നമ്മള്‍
കാല്പാടുകള്‍ അവശേഷിപ്പിക്കാതെ.

suicide

Identities shiver out of their frail skeltons
the tie of brain looses,
persons and their ugly smiles
are revealed like a nightmare
those white teeth open to the
dark tunnels of mind,
that dark pond with venomous snakes
their venom steaming up,
let the life drink the venom
spit the froth and end forever.
what a nice suicide?

എന്റെ കവിത

എന്റെ കവിത
എന്താണെനിക്കതു?
സൃഷ്റ്റികളില്‍ വേദന മാത്രം തന്ന്
കണ്ണുനീരില്‍ ചോര കുതിര്‍ത്ത്
കടലാസില്‍കലാപങ്ങളുണ്ഡാക്കുന്ന
എന്റെ പ്രിയപ്പെട്ട സന്താനമോ?
മരിക്കാ‍ന്‍ തയ്യാറാകാതെ
എന്റെ നിദ്രകളെ നശിപ്പിക്കുന്ന
എന്റെ നഷ്ടപ്രണയമൊ?
തിരിച്ചു വിളിക്കുമ്പോള്‍
ചിരിച്ചു കൊണ്ടു നടന്നു പോകുന്ന
എന്റെ അനാഥമായ പെണ്മയോ?
ഇതിലാരാണു എന്റെ കവിത??
വെറുപ്പാണു വെറൂപ്പു മാത്രം
എന്നിട്ടും നമ്മള്‍ ചിന്തകളില്‍ ഒരുമ്മിക്കുന്നു
മണിയറകളില്‍ സംഗമിക്കുന്നു, വാക്കുകളിലൂടെ ചുംബിച്ചു പോകുന്നു
ഒടുവില്‍ എല്ലാറ്റിനുമൊടുവില്‍ നിസംഗതയൊടെ പിന്‍ മാറുന്നു
പിന്നേയും പിന്നേയും
ചാവാലി പട്ടിയെ പോലെ പരസ്പരം കാല്പാദങ്ങള്‍ മണക്കുന്നു
ഇനി വയ്യ.
നീ എന്റെ ചാരമാണു
എന്റെ വെറുപ്പും സ്നേഹവും ആത്മാവുമെല്ലാം
ജീവനും മ്രിത്യുവുമെന്ന പോലെ
നിന്നില്‍ അലിഞ്ഞിരിക്കുന്നു.

.

ഇതു കവിതയല്ല!!!!

നാലു വരികള്‍,
നാല്പതു അക്ഷരങ്ങള്‍
വാക്കുകള്‍ക്കിടയിലെ വിടവുകള്‍
ഇതിലെവിടെയാണു ഞാന്‍??

എന്റെ മുഖം മൂടി

എന്റെ മുഖമ്മൂടികളില്‍ ചോരയുടെ ചായം
നെഞ്ചു കീറി മരിച്ച പക്ഷിയുടെ ചോര
ചിതയില്ലാതെ,ശാന്തിയും സന്തോഷവുമ്മില്ലാതെ
അതിന്റെ ആത്മാവ് എന്റെ നിദ്രകളെ ശല്യപെടുത്തുന്നു
പകലുകളില്‍...
വഴിയ്യോരങ്ങളിലെ നിഴലുകളായി എന്നെ തുറിച്ചു നോക്കുന്നു.
അദ്രുശ്യങ്ങളായ കണ്ണുകളാല്‍ എന്റെ ചായങ്ങളെ പരിഹസിക്കുന്നു
മരണത്തിലും അഭയം ലഭിക്കാത്ത എന്റ്റെ നിസഹായതയൊട് സഹതപിക്കുന്നു
ഒടുവില്‍
നിസംഗതയിലേക്കു ആഴ്ന്നിറങ്ങുന്ന എന്നെ
കണ്ണീരിനാല്‍ അഭിഷേകം ചെയ്യുന്നു .

have u heard of aplace where rain speaks?

Have u heard of a place where rain speaks?
Drops making love to dry earth;
the paddy fields,with dewdrops in their womb.
There began my life's page
hearts were the scripts with which they wrote
lines had the shadows of blood and sweat
miles away, when I write this
roads cloudy with lost memories,
still my feet has that mudwhere rain left her love
my face still brown with the sun
that shines over my village
eyes open enough to see the folliesof a place
where sun never shines,rain fears to drop,
andwhere blood is mere water you get in bottle.

an introduction

hai friends,
this blog is created because of somebody who told me that they want to read my poems. i don't know if they are good but i am sure they were written with a heart. sometimes i feel ashamed of the fact that they were written only about one mind not about my surroundings still they are my children, my heart gave birth to them. sorry that they are in two languages but couldn't avoid them because mother never is partial. special thanks to chintan, lekshmy and jerry and Aneesh who told me that they are good. here they are for you.