3/8/10


ഞാന്‍ മറന്നു പോയിരുന്നു
നിനക്ക് സാമ്പാര്‍ ഇഷ്ടമല്ലെന്ന്
കൈകളില്‍ കരി പുരളുന്നതും
ഉറക്കെ സംസാരിക്കുന്നതും ഇഷ്ടമല്ലെന്ന്
എന്റെ ചിരികളും വികലശബ്ദങ്ങളും
തുറന്നു കിടക്കുന്ന പുസ്തകങ്ങളും
നിസംഗമായ മൌനങ്ങളും ഇഷ്ടമല്ലെന്ന്
ഞാന്‍ മറന്നു പോയിരുന്നു
ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍
ദിവസം മാറിപ്പോകുന്നത് പോലെ
ചിന്തകള്‍ക്ക് സ്ഥാനം തെറ്റുന്നുണ്ടാകും
തലച്ചോറിനു പകരം അവ ഹൃദയത്തിലോ
കണ്ണുകളിലോ വഴി തെറ്റി നടക്കുന്നുണ്ടാകും
പക്ഷേ
ഞാന്‍ ചിന്തിച്ചിരുന്നു എന്നതും
ഞാന്‍ മറന്നു പോയിരുന്നു!!

9/16/08

കണ്ണാടി


എന്റെ നിലക്കണ്ണാടിക്കുള്ളില്
ഒരു പെണ്ണ് താമസിക്കുന്നുണ്ട്;
ചില്ലുഭിത്തിക്കപ്പുറമിരുന്ന്
അയല്‍ക്കാരിയെ കൌതുകത്തോടെ നോക്കുന്നവള്
എന്റെ പൊട്ടിന്റെ ചരിവും പുരികത്ത്തിന്റെ വടിവും
സൂക്ഷ്മതയോടെ അളക്കുന്ന ഒരുത്തി-
അവളുടെ കണ്ണുകളില്‍
വസ്ത്രങ്ങളെ മുറിച്ചു കയറുന്ന വഴിയോരക്കണ്ണുകള്
അറിയാതെ അശ്ലീലം പറയുന്ന ബസ് യാത്രക്കാര്
സ്പര്‍ശങ്ങളില്‍ ആനന്ദം കണ്ടെത്തുന്ന ഞരമ്പുരോഗികള്
‍ഷാള്‍‍ കൊണ്ടു ശരീരം മറച്ചു
പുറത്തേക്കിറങ്ങുമ്പോള് ഓര്‍ത്തുപോയി
എന്റെ കണ്ണാടിയും
എനിക്കെതിരോ, ദൈവമേ?

1/29/08

രാധാമാധവം


എന്നുള്ളിലുള്ളോരു കണ്ണനല്ലാതൊരു
കണ്ണനില്ലെന്നേ നിനച്ചുള്ളൂ
-അയ്യപ്പപ്പണിക്കര്‍


കണ്ണന് ഞാന്‍ കളിപ്പാട്ടമാണ്,
ജന്മങ്ങള്‍ മാറിയെടുക്കാവുന്ന ലോഹപ്രതിമ-
ഇടക്കെപ്പോഴെങ്കിലും കണ്ട് രസിക്കാന്‍
യാഗങ്ങളില്‍ വാമഭാഗം വഹിക്കാന്‍
ചോദ്യങ്ങളില്ലാതെ തിരിച്ച് നടക്കാന്‍
വാരിയെല്ലുകളൂരിയെടുത്ത് വളര്‍ത്തുന്നതാണെന്നെ;
പ്രണയമിതിഹാസങ്ങളില്‍ പറഞ്ഞു നടക്കുമ്പോള്‍
കണ്ണനെ പത്നിമാര്‍ക്കിട്ട് കൊടുത്തിട്ട്
ഒറ്റക്ക് വിരഹവും പ്രണയവും താങ്ങുവാന്‍
മുനിമാരുരുക്കിയെടുത്തതാണെന്നെ;
പ്രേമമൊരു കഥയല്ലെ?
കാളിന്ദി സ്വപ്നങ്ങളും,
അപ്പോള്‍
‍രാധയോ?

1/28/08


നമുക്ക് തുടക്കങ്ങളിലേക്ക് തിരിച്ച് പോകാം,
വാക്കുകളില്‍ അഗ്നിയും പ്രണയത്തിലസ്വസ്ഥതയും
കത്തിനിന്ന തുടക്കങ്ങളിലേക്ക്;
അവിടെ;
ഞരമ്പുകള്‍ വലിഞ്ഞ് പൊട്ടുന്ന നിമിഷങ്ങളില്
‍കടലാസിലേക്കുരുകി വീണ മെഴുതിരിപ്പാടുകള്‍;
ചൂടില്‍ ചിറകടര്‍ന്ന് വീണ പൂമ്പാറ്റകള്‍ക്ക്
ഹൃദയം പകുത്ത് കൊടുത്ത കവിതകള്‍;
ഓര്‍മ്മകള്‍ ശൂന്യമായ വഴികളില്‍
പകച്ച് പോയ കണ്ണുകള്‍-
തുടക്കങ്ങള്‍ കഴിഞ്ഞു പോയ രാത്രികളാകുന്നു,
പകലുകളുടെ ശാന്തിയില്‍ മാഞ്ഞ് പോകുന്ന
തിരിച്ച് വരാത്ത രാത്രികള്‍...

9/1/07


എനിക്കു വിരലുകള്‍ നഷ്ടപെട്ട മനുഷ്യരെ ഓര്‍മ്മ വരുന്നു
ഭൂതകാലം മുറിച്ചു മാറ്റപ്പെട്ടവരെ
സ്ഫോടനങ്ങളില്‍ ചിതറിപ്പോയവരെ
മരവിപ്പുകളിലേക്കു വീണു പോയവരെ
എനിക്ക് വയ്യ
ഇത് വേദനകള്‍ക്കപ്പുറമാണ്
നിന്റെ ചെറിയവാചകങ്ങളില്‍
വരികള്‍ മുറുകാത്ത കവിതയില്‍
നീ എങ്ങനെ അവരെ പിടിച്ചു നിര്‍ത്തും
ഇടവേളകളില്ലാത്ത പ്രാരാബ്ധങ്ങളില്‍
രാവും പകലുമളന്നു തുടങ്ങുമ്പോള്‍
നീ കവിതയെഴുതാന്‍ മറക്കും
ചലിക്കാത്ത പേനത്തുമ്പില്‍
മനുഷ്യരുടെ നിലവിളികള്‍ പതിയെ നിലച്ചൂ തുടങ്ങും
എന്നെങ്കിലും
മാര്‍വാഡികളുടെ തെരുവ് കാണുമ്പോള്‍
നക്ഷത്രങ്ങള്‍ കെട്ടുപോയ ഒരു രാത്രി ഓര്‍മ്മ വന്നേക്കാം
മഴ കഴുകിവെളുപ്പിച്ച കുറേ ജീവിതങ്ങളെയും.

8/14/07


എന്റെ കുഞ്ഞ്,
പിറവിയുടെ അഗാധതകളില്‍ നിന്ന്
അവള്‍ നിലവിളിക്കുന്നത് എനിക്ക് കേള്‍ക്കാം
പേരറിയാത്ത കോശങ്ങളില്‍ നിന്ന്
അവളുടെ നിശബ്ദമായ തുടിപുകള്‍ എനിക്കറിയാം
എന്നോ വിരലിന്റെ അറ്റത്തു പിടിച്ച്
അവള്‍ പിച്ച വക്കാന്‍ ശ്രമിക്കുന്നതും
ചെറിയ പുഞ്ചിരികളില്‍ മഹാരഹസ്യങ്ങളൊളിപ്പിച്ച്
എന്റെ മടിയിലേക്കൊടിവരുന്നതും‍
എന്റെ കുഞ്ഞേ
ഭൂതകാലങ്ങളുടെ വേദനകളില്‍കുഞ്ഞികൊലുസ്സ് കിലുക്കി നിനക്കു വരാം
കണിക്കൊന്നകളും ഓണവെയിലും ഉള്ള എന്റെ ഹൃദയതിലേക്ക്
വിളക്കുകള്‍ കൊളുത്തുന്ന
അമ്മയുടെ പ്രാര്‍ഥന പോലെ

7/25/07

നീയും ഞാനും അക്ഷരങ്ങള്‍ക്കു പങ്കു വെക്കാന്‍
മനസില് തീ കൂട്ടി വെക്കുന്നവര്‍
എപ്പൊഴോ:
നമ്മളറിയാതെ തീ കെട്ടുപോകുന്നു;
എന്റെ ഭ്രാന്തിനു ശമനജലം നല്‍കുവാന്‍
കത്തികൊണ്ടിരുന്ന ചിതയില്‍ നിന്ന്
ആത്മാവിനെ വലിച്ചുനീക്കുവാന്‍
നീ വരരുതായിരുന്നു;
എനിക്ക് അനാഥത്വമാണു പരിചയം,
കീറിമുറിക്കുന്ന കണ്ണുകളോട് എതിരിടാനാണെനിക്കിഷ്ടം.
അദൃശ്യമായ ചങ്ങലകളാല്‍
തൊട്ടറിയാന്‍ പറ്റാത്ത കൂടുകളാല്‍
ഞാന്‍ ബന്ധിക്കപെട്ടിരിക്കുന്നു .
ഇത് തീ പകര്‍ന്നു തന്നതിനന്റെ ശിക്ഷ;
കഴുകന്മാറ്ക്കു കീറിമുറിക്കാന്‍ കരളും
മരിക്കാത്ത മനസ്സും ബാക്കി.