3/8/10


ഞാന്‍ മറന്നു പോയിരുന്നു
നിനക്ക് സാമ്പാര്‍ ഇഷ്ടമല്ലെന്ന്
കൈകളില്‍ കരി പുരളുന്നതും
ഉറക്കെ സംസാരിക്കുന്നതും ഇഷ്ടമല്ലെന്ന്
എന്റെ ചിരികളും വികലശബ്ദങ്ങളും
തുറന്നു കിടക്കുന്ന പുസ്തകങ്ങളും
നിസംഗമായ മൌനങ്ങളും ഇഷ്ടമല്ലെന്ന്
ഞാന്‍ മറന്നു പോയിരുന്നു
ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍
ദിവസം മാറിപ്പോകുന്നത് പോലെ
ചിന്തകള്‍ക്ക് സ്ഥാനം തെറ്റുന്നുണ്ടാകും
തലച്ചോറിനു പകരം അവ ഹൃദയത്തിലോ
കണ്ണുകളിലോ വഴി തെറ്റി നടക്കുന്നുണ്ടാകും
പക്ഷേ
ഞാന്‍ ചിന്തിച്ചിരുന്നു എന്നതും
ഞാന്‍ മറന്നു പോയിരുന്നു!!