2/28/07


വിമോചനം വിദൂരമായ ഒരു സ്വപ്നമാണു
കണ്ണ് തുറക്കുമ്പോള്‍ മാഞ്ഞ് പോയേക്കാവുന്ന ഒരു സ്വപ്നം

വിധിയൊടു മത്സരിക്കുമ്പോള്‍

ഇരുട്ടില്‍ നിന്നും തപ്പിയെടുക്കുന്ന വെറുമൊരായുധം

കൈകളും മനസ്സും തളരുമ്പോള്‍
പിടിച്ചു നില്‍ക്കാനൊരു കാട്ടുവള്ളി
പക്ഷെ

വിലങ്ങുകള്‍ക്കും പേരു നഷ്ടപെട്ട വ്യക്തിത്വനിമിടയില്‍
മനസ്സ് പ്രതീക്ഷിക്കും

കടല്‍തീരത്തു ഒരു വിളക്ക് മങ്ങാതെ കത്തുന്നുണ്ടാകാം..

എന്നെങ്കിലും വാതിലുകള്‍ തുറക്കപെടാമെന്നു

നിങ്ങളെ ഓര്‍മ്മിപ്പിക്കാന്‍ വേണ്ടി മാത്രം..

2/17/07

ചെറിയ സത്യങ്ങള്‍...
മനസ്സിന്റെ നൂലാമാ‍ലകള്‍ക്കുള്ളില്‍
ഇരുളടഞ്ഞ ഇടനാഴികളില്‍
കിടപ്പറകളില്‍, മോര്‍ച്ചറികളില്‍
ചിറകൊടിഞ്ഞ മാലാഖകളെപോലെ
നിഴലുകള്‍ക്കുള്ളില്‍ മറഞ്ഞിരുന്ന്
സമയചക്രങ്ങളോടു പോരാടുന്നു
ചിതയിലും ഈറ്റില്ലങ്ങളെ സൃഷ്ടിച്ച്
അന്ത്യശ്വാസത്തിലും പ്രണയം കൊടുത്തു
അന്ധകാരത്തിലും കൈത്തിരി തെളിച്ച്
അവര്‍ നിറഞ്ഞ് നില്‍ക്കുന്നു
പ്രതീക്ഷയാണു നീ എനിക്ക്
പ്രണയത്തിന്റ്റെ ചെറിയ സത്യം മാത്രമാണു നീ
ഒരു പക്ഷെ സമയചക്രങ്ങളില്‍ നിന്നു’
എന്റെ ജീവന്‍ തിരികെ വാങ്ങാന്‍ നിനക്കു കഴിഞ്ഞേക്കും.

2/15/07

ബാല്യം















ഇറ്റ് വീഴാറായ വിയര്‍പ്പു തുള്ളികള്‍ക്കു കീഴെ
നീ പരിഭവിക്കുന്നതെന്തിനു?
ഞാനും നീയും ആശ്രയമില്ലാത്തവര്‍
കുടകളുടെ തണലും സൌഹൃദത്തിന്റെ താങ്ങുമില്ലാത്തവര്‍
നിസ്സഹായതയുടെ വരകളില്‍ ഒതുങ്ങിപോയവര്‍
വഴിയരുകില്‍ കണ്ണുകളാണു കുഞ്ഞേ
നിന്റെ നിഷ്കളങ്കത അവര്‍ക്കാവശ്യമില്ല
കരിയെഴുതിയ കണ്ണുകളും ചായതില്‍ മുങ്ങിയ മുഖവുമാണുഅവര്‍ തേടുന്നതെന്നറിയുക
ഈ വരകളില്‍ നീയും ഞാനുംമുഖമറിയാത്ത ജന്മങ്ങളും
പരിഭവമില്ലാത്ത പകലുകള്‍ക്കും
അപമാനരഹിതമായ രാവുകള്‍ക്കുംനേരെ
പ്രതീക്ഷ വറ്റിയ കണ്ണുകളുമായി കാത്തിരിക്കുന്നു

2/14/07

വഴികള്‍


വളവുകളില്ലാത്ത വഴികള്‍ ഉണ്ടായിരിക്കുമൊ?
ഭാരമേറെ താങ്ങി ചെല്ലുമ്പോള്‍ വിശ്രമിക്കാന്‍
പാതയോരത്തു ഒരു തുറന്ന വാതില്‍
ജനാലച്ചില്ലില്‍ ഒരു കണ്ണ്
സ്നേഹത്തിന്റെ ബലമേറിയ ഊന്നുവടി
പ്രകാശം വറ്റാത്ത മനസ്സിന്റെ കൈവിളക്ക്
ഏതെങ്കിലും ഒന്ന്
നീ എനിക്കു വേണ്ടി കരുതി വയ്ക്കുമോ?
ജീവിച്ചിരുന്നു എന്നു എന്നെ തന്നെ ബോധ്യപെടുത്താന്‍
മരണം പാതയിലെ വളവു മാത്രമെന്ന് മനസിലാക്കാന്‍
സൂര്യനസ്തമിക്കും മുമ്പ് നടന്നു തീര്‍ക്കുവാന്‍
ഏതെങ്കിലും ഒന്ന്....

2/10/07

ഞാന്‍

ഞാന്‍ പോവുകയാണു
പകുതി ചാരിയ വാതിലിനപ്പുറം
എന്റ്റെ ബന്ധങ്ങളും സ്വപ്നങ്ങളും..
അവര്‍
ജന്മത്തിന്റെ വേദനയില്‍
സ്നേഹതിന്റെ നിറവൂട്ടി
അരക്ഷിതത്വത്തില്‍ തനിച്ചാക്കിയവര്‍
പരിചയത്തിലും അപരിചിതരായവര്‍
അവന്‍
എന്റെ പെണ്‍മയെ വിളിച്ചുണര്‍ത്തി
പുല്‍മേടുകളില്‍ അലയാന്‍ വിട്ടവന്‍
പൂര്‍ത്തിയാകാത്ത ചിത്രം പോലെ
ചിത്രകാരന്റെ വിരലുകള്‍ക്കു
പാകപ്പിഴയുടെ മുറിവുകളേകി
ഞാനും...

2/6/07

ഓര്‍മ്മകള്‍ വായിക്കുമ്പോള്‍

നേര്‍ വരകളില്ലാത്ത വെള്ളത്താളില്‍
ഭംഗിയില്ലാത്ത കൈപ്പടയില്‍
കോറിയിട്ട വാക്കുകളെ വായിക്കുമ്പോള്‍
നീ അറിയുന്നുണ്ടോ?
ഞാന്‍ ഈ കടലാസിന്റെ കന്യകാത്വത്തില്‍
എന്നെ തന്നെ ഒഴിച്ച് കളഞ്ഞുവെന്നു
വാക്കുകള്‍ മുറിഞ്ഞു കിടക്കുന്ന
നിമിഷങ്ങളില്‍ നമ്മള്‍
ഈ വരികള്‍ വായിക്കുവാന്‍
ശ്രമിക്കുകയായിരുന്നുവെന്നു
ഒടുവില്‍
താളുകള്‍ മറിയുവാനാഗ്രഹിക്കുന്നതെയില്ല
കഴിഞ്ഞ കാലതിന്റെ വേദന
കുടിച്ച് അവ ജീവിച്ച് മരിക്കുന്നു


ഇതു അനീഷിന്റെ കവിത ആണ്.ആദ്യത്തെ നാലു വരികള്‍ക്കു ശേഷം ഞാ‍ന്‍ അത് പൂര്‍ത്തി ആകിയെന്ന്നു മാത്രം..

2/5/07

കന്യകാത്വം

കന്യകാത്വം
വാക്കുകളില്‍ നഷ്ടപെടാവുന്ന കേവലം ഒരു കളവാണു
ശരീരമില്ലാത്ത ശബ്ദവീചികളില്‍
അലിഞ്ഞില്ലാതാവുന്ന വെറും വികാരം
ഒരു സ്വരത്തിന്റെ വേദനയില്‍
മനസിന്റെ അടഞ്ഞ മുറികള്‍ തുറന്നു പോകുന്നു.
കണ്ണുനീര്‍ തുള്ളികളുടെ കിടക്കയില്‍
ശബ്ദങ്ങള്‍ പരസ്പരം പങ്കു വയ്ക്കുന്നു
ഇനി
വീണ്ടും വലിക്കാനായി
നീ തപ്പിയെടുക്കുന്ന സിഗററ്റ് കുറ്റികള്‍ ബാക്കി
എരിഞ്ഞ് തീര്‍ന്ന രണ്ടാത്മാക്കളും..

2/1/07

ഞാനും നീയും

എന്റെ കണ്ണുകള്‍ എന്റേതാണ്,
അതില്‍ നിന്റെ കാഴ്ചപ്പാ‍ടുകള്‍ തേച്ചുപിടിപ്പിക്കരുത്
ഈ കാ‍തുകള്‍ എന്റെ സ്വരകേന്ദ്രങ്ങളാണ്
നിന്റെ ഉപദേശസ്വനഗ്രാഹികള്‍ എനിക്കു വേണ്ട.
ചെമ്പട്ട് പുതപ്പിച്ച ശവമല്ല ഞാന്‍
ഉയിരിന്റെ മൃതസഞ്ജീവനി എനിക്കാവശ്യമില്ല
നീ ഉപേക്ഷിച്ച വികാരതിന്റെ കൈതാങ്ങുകള്‍
എനിക്കു വച്ചു നീട്ടുന്നതെന്തിന്?
നിന്റ്റെ കാമുകിയല്ല ഞാന്‍
മാതാവൊ പത്നിയൊ അല്ല
ഒരു സഹയാത്രിക മാത്രം
വച്ചു മാറാന്‍ കഴിയാത്ത വിധം
നമ്മുടെ ഭാണ്ഡങ്ങള്‍ ഇഴുകി ചേര്‍ന്നിരിക്കുന്നു
തെറ്റിന്റെ പാഥേയ കെട്ടഴിച്ച കൈകള്‍
കഴുകി തുടച്ചു നമുക്കീ യാത്ര തുടരാം